Kerala
ഇരിട്ടി:അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹസാഹചര്യത്തിൽ പായിൽ പൊതിഞ്ഞനിലയിൽ ‘മൃതദേഹം’ കണ്ടെത്തിയ സംഭവത്തിൽ കരിക്കോട്ടക്കരി പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഒരു മൃതദേഹം സംസ്കരിക്കുന്നതിനായി 38-ാം നമ്പർ പൊതുകല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കം ചെയ്ത രീതിയിൽ ഒരു മൃതദേഹവും പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹമെന്നു തോന്നിക്കുന്ന മറ്റൊന്നും കണ്ടെത്തിയത്.
ക്രൈസ്തവ ആചാരപ്രകാരം പായിൽ പൊതിഞ്ഞ് മൃതദേഹങ്ങൾ സംസ്കരിക്കാറില്ലാത്തതിനാൽ പള്ളി അധികൃതർ അപ്പോൾത്തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പോലീസ് സ്ഥലത്തെത്തി തുറന്ന കല്ലറ അടച്ച് സെമിത്തേരി പൂട്ടി. പള്ളിക്കു പിൻഭാഗത്തായി ബേസ്മെന്റിൽ ഗ്രിൽസിട്ട് സുരക്ഷിതമായാണു സെമിത്തേരി സ്ഥിതിചെയ്യുന്നത്.
സ്ഥലത്തില്ലായിരുന്ന ഇടവക വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ എത്തിയശേഷം ഇന്നലെ പള്ളി കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ മരണ രജിസ്റ്ററുകൾ പരിശോധിച്ചു. എന്നാൽ 38-ാം നമ്പർ കല്ലറയിൽ അടക്കം ചെയ്തവരുടെ പട്ടികയിൽ പായയിൽ പൊതിഞ്ഞ ‘മൃതദേഹം’ സംബന്ധിച്ച് സൂചനകൾ കണ്ടെത്താനായില്ല. ഈ പള്ളിയിൽ കുടുംബക്കല്ലറകളില്ല. 2019നു ശേഷം സെമിത്തേരി നവീകരിച്ചിരുന്നു. അതിനുശേഷം കല്ലറകൾക്കു പുതിയ ക്രമനമ്പറുകൾ നൽകി. അപ്പോൾ പഴയ നമ്പറുകളിൽ പലതിനും മാറ്റം സംഭവിച്ചു. പുതിയ നമ്പർ നൽകിയപ്പോൾ പഴയ നമ്പറുകൾ കല്ലറകളിൽ രേഖപ്പെടുത്തിയില്ല. ഇതോടെ ഒരേ മാതൃകയിൽ നിർമിച്ച കല്ലറകളുടെ നമ്പറിലെ ആശയക്കുഴപ്പം നിലനിൽക്കുന്നത് രജിസ്റ്റർ പ്രകാരം അടക്കം ചെയ്തവരെ കണ്ടെത്തുന്നതിനു തടസമായി.
മരണ രജിസ്റ്ററിൽ സംസ്കരിച്ചവരുടെ വിശദാംശങ്ങൾ ഉണ്ടെങ്കിലും നവീകരണത്തിനു മുന്‍പും ശേഷവുമുള്ള നമ്പറുകൾ തമ്മിലുള്ള ആശയക്കുഴപ്പം പല കുടുംബങ്ങളിലെയും ബന്ധുക്കൾക്കു കല്ലറ തിരിച്ചറിയാൻ തടസമായി. 11 വർഷമായി കല്ലറ തുറന്നിട്ട്. 2006 ലും 2015ലും കല്ലറയിൽ സംസ്കാരം നടത്തിയിട്ടുണ്ട്.
ഈ രണ്ട് കുടുംബങ്ങളെയും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഒരു കുടുംബം ഇപ്പോഴും ഇടവകയിൽത്തന്നെയുണ്ട്.സെമിത്തേരിയിൽ അടക്കം ചെയ്തിട്ടുള്ള 93 പേരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടശേഷം കൂടുതൽ നടപടികളിലേക്കു നീങ്ങാനാണ് ഇടവകസമൂഹത്തിന്റെ തീരുമാനം.
കരിക്കോട്ടക്കരി എസ്എച്ച്ഒ ആർ.എൻ. പ്രശാന്ത്, എസ്ഐ എം.ജെ. ബെന്നി എന്നിവർ ഇന്നലെ സ്ഥലത്തെത്തി. അടക്കം ചെയ്തതായി സംശയം പറഞ്ഞ ചിലരുടെ കുടുംബാംഗങ്ങളെ പോലീസ് സാന്നിധ്യത്തിൽ സെമിത്തേരിയിൽ എത്തിച്ച് പരിശോധന നടത്തിയെങ്കിലും 38-ാം നമ്പർ കല്ലറയിൽ ഇവരുടെ ബന്ധുക്കളെ അടക്കം ചെയ്തിട്ടില്ലെന്നു വ്യക്തമാക്കി.
പള്ളി അധികൃതർ മരണരജിസ്റ്റർ പരിശോധിച്ചശേഷം ലഭ്യമാകുന്ന വസ്തുതകളെ അടിസ്ഥാനമാക്കി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് തീരുമാനമെന്ന് എസ്എച്ച് ഒ അറിയിച്ചു.
Kerala
പാലക്കാട്: നായയെ കൊന്ന് കുടിവെള്ള ടാങ്കിലിട്ടെന്ന് പരാതി. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിലാണ് സംഭവം.
20 കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ടാങ്കിലാണ് നായയുടെ ജഡം ഇട്ടത്. ഏറെ നാളുകളായി വെള്ളം ഉപയോഗിച്ചിരുന്ന ജനങ്ങൾ രൂക്ഷഗന്ധം വന്നതോടെയാണ് ടാങ്ക് തുറന്ന് പരിശോധിച്ചത്.
ഇതോടെ നായയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നാട്ടുകാർ പോലീസിൽ പരാതി നൽകി.
Kerala
ഇടുക്കി: മൂന്നാര്‍ കൊളുക്കുമലയിൽനിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെന്നൈ അഭിരാമപുരം സ്വദേശി എന്‍ ദ്രാവിനേഷ് (25) ആണ് ആണ് മരിച്ചത്.
ഫയർഫോഴ്സ് സംഘമെത്തി നടത്തിയ പരിശോധനയിലാണ് തമിഴ്നാട് കൊരങ്ങിണി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വനമേഖലയിൽനിന്ന് മൃതേദഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കൊളുക്കുമല സിംഹപാറയില്‍ നിന്നാണ് ദ്രാവിനേഷ് കൊക്കയിലേക്ക് ചാടിയത്. ഇന്ന് രാവിലെ ആറോടെ പത്തംഗ സംഘത്തിനൊപ്പം ഇവിടെ എത്തിയതാണ് ഇയാൾ.
Kerala
കൊച്ചി: ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 30നും 40 നും ഇടയില്‍ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് കറുത്ത ട്രാക്ക് സ്യൂട്ടും ടീഷര്‍ട്ടും ധരിച്ച ചെറുപ്പക്കാരന്റെ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ചമ്പക്കര കനാലിന്റെ തൈക്കൂടം ഭാഗത്താണ് മൃതദേഹം ഒഴുകി നടന്നത്. പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്.
മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. ആളെ തിരിച്ചറിയുന്നതിനായി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മിസിംഗ് കേസുകള്‍ പോലീസ്
പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
Kerala
കൊല്ലം: തെന്മലയിൽ വനത്തിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. തലയോട്ടി അടക്കമുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്.
വനത്തിൽ വിറക് ശേഖരിക്കാൻ പോയവരാണ് സംഭവം ആദ്യം കണ്ടത്. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പോലീസും ഫോറൻസിക് വിഭാഗവും സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
സംഭവത്തിലെ അസ്വഭാവികത കണക്കിലെടുത്ത് തെന്മല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് കാണതായവരുടെ വിവരങ്ങൾ സഹിതം പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: കൊടശേരിയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. അഴയിൽ ചെക്കോട്ടിയുടെ(76) മൃതദേഹമാണ് വീടിനു സമീപത്തെ പാറക്കുളത്തിൽ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ ആറോടെയാണ് ചെക്കോട്ടിയെ കാണാതായത്. ഇദ്ദേഹത്തിന്റെ ഫോൺ, ഷർട്ട്, ചെരുപ്പ് എന്നിവ വീടിനു സമീപത്തുനിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സമീപത്തെ പാറക്കുളത്തിനു സമീപം സൂചന ലഭിച്ചതിനെത്തുടർന്ന് ഇവിടെ തിങ്കളാഴ്ച ആർഒവി ക്യാമറ ഉൾപ്പെടെയുളള സന്നാഹങ്ങൾ എത്തിച്ച് പരിശോധന നടത്തിയിരുന്നു.
കൊയിലാണ്ടി സ്റ്റേഷൻ ഓഫിസർ വി.കെ. ബിജുവിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍, വെള്ളിമാടുകുന്ന് സ്കൂബ ടീമും പേരാമ്പ്ര കെ9 സ്ക്വാഡ് എസ്സിപിഒ ഒ.വി. മണി, എസ്സിപിഒ വി.കെ. വിനു എന്നിവർ, അത്തോളി പോലീസ് സ്റ്റേഷൻ എസ്ഐമാരായ പ്രശോഭ്, സി.പി.സിയാദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
District News
കുന്നംകുളം: മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാട്ടുകുളം ആർക്കാറ്റ് വീട്ടിൽ വിദ്യാസാഗർ (45) ആണ് മരിച്ചത്.
സഹോദരനൊപ്പം ഒരു വീട്ടിൽ താമസിക്കുന്ന ഇയാൾ രണ്ടുദിവസം മുൻപ് സ്വന്തം മുറിയിൽ കയറി വാതിൽ അടച്ചതാണത്രേ.
മുറി തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തോട് അനാസ്ഥ കാണിച്ച സംഭവത്തിൽ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അറ്റൻഡർമാരായ ആർ.വി. സുജാത, വി.ഡി. രേഖ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചതിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ഡിഎംഓയുടേതാണ് നടപടി.
പോസ്റ്റ്മോർട്ടത്തിന് മുൻപ് ഫ്രീസറിൽ സൂക്ഷിക്കാനേൽപിച്ച കോട്ടയം മണിമല സ്വദേശിയുടെ മൃതദേഹം ആണ് ബന്ധുക്കൾക്ക് ജീർണിച്ച നിലയിൽ കിട്ടിയത്. കേടായ ഫ്രീസറിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മരിച്ചയാളുടെ സഹോദരൻ ജില്ല കളക്ടർക്കും ഡിഎംഒക്കും പോലീസിലും പരാതി നൽകിയിരുന്നു.
മണിമല നെല്ലുവേലി ജോമി ജോസഫിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ ബന്ധുക്കൾക്ക് കിട്ടിയത്. കഴിഞ്ഞ ദിവസം മരിച്ച ജോമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മുൻപ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു
കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് ഇന്ന്പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാനായി വന്ന ബന്ധുക്കൾക്ക് മുന്നിലേക്കെത്തിച്ചത് ജീർണിച്ച് വികൃതമായ ദുർഗന്ധം വമിക്കുന്ന മൃതദേഹം. ബന്ധുക്കൾ ആശുപത്രിയിൽ വലിയ പ്രതിഷേധമുയർത്തുകയും ചെയ്തു.
Kerala
ഇരിങ്ങാലക്കുട: കാറിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട ഗാന്ധിഗ്രാമില്‍ മുല്ലക്കാട് അംഗന്‍വാടിക്കു സമീപം നിര്‍ത്തിയിട്ട കാറിനുള്ളിലാണ് മൃതദേഹം കണ്ടത്. ആസാദ് റോഡില്‍ കുറ്റിക്കാടന്‍ വീട്ടില്‍ ജോസ് (57) ആണ് മരിച്ചത്.
കഴിഞ്ഞ രാത്രി പ്രദേശത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ് മാസമായി ജോസും കുടുംബവും മുല്ലക്കാട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നാല് മുതല്‍ കാര്‍ ഇവിടെ കണ്ടെതായി പരിസരവാസികള്‍ പറയപ്പെടുന്നു.
കാര്‍ ഉള്ളില്‍ നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കാറിന്റെ ഡോര്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്ത് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
കാറിനുള്ളില്‍ നിന്നും തോക്ക് പോലീസ് കണ്ടെടുത്തു. കാറില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
National
ഹൈദരബാദ്: തെലുങ്കാനയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നായ കടിച്ചുകീറി. മഹാബൂബ്നഗര്‍ ജില്ലയിലെ ജഡ്ചര്‍ല സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പുരുഷന്റെ മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം നടപടികളുടെ ഭാഗമായാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. പിന്നീട് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ജീവനക്കാര്‍ എത്തിയപ്പോഴാണു മൃതദേഹം നായ കടിച്ചുകീറിയ നിലയില്‍ കണ്ടത്. നായയെ ജീവനക്കാര്‍ ഓടിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്ച്ചായതോടെയാണ് സംഭവം വിവാദമായത്.
വിഷയം പ്രതിപക്ഷ കക്ഷികള്‍ ഏറ്റെടുത്തതോടെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന ആരോഗ്യമന്ത്രി സി. ദാമോദര്‍ രാജാ നരസിംഹ ഉത്തരവിട്ടു. ആശൂപത്രി ആര്‍എംഒ ഉള്‍പ്പടെ നാലു ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
അതേസമയം, മോര്‍ച്ചറിയില്‍ ഫ്രീസര്‍ സംവിധാനം ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിക്കുന്നില്ലെന്ന് സ്ഥലത്തെത്തിയ പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണെന്നും പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. 30 കിടക്കകളുള്ള ജഡ്ചര്ലയിലെ സര്‍ക്കാര്‍ ആശുപത്രി അടുത്തിടെയാണു നവീകരിച്ചത്.
Kerala
കൊല്ലം: പരവൂരിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
പൊഴിക്കരയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നേവിയും, ഫയർഫോഴ്സും, മറൈൻ ഇൻഫോഴ്സ്മെന്റും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ടത്. പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപത്താണ് അഞ്ചു വിദ്യാർഥികൾ കടലിൽ കുളിക്കാൻ ഇറങ്ങിയത്. തിരയിൽപ്പെട്ട വിദ്യാർഥികളിൽ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടുപേരെ കണ്ടെത്താനായില്ല.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പാരിപ്പളളി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.
Kerala
കൊച്ചി: കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനൽകും. കളമശേരി മെഡിക്കൽ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ നിർദേശമുണ്ട്. ഹൈദരാബാദിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ മൃതദേഹം ലാമയുടേത് എന്ന് സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിൽ തന്നെ മൃതദേഹം സംസ്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
കുവൈറ്റിൽ നിന്ന് ഒക്ടോബറിൽ കൊച്ചിയിലേക്ക് ഡിപ്പോർട്ട് ചെയ്തതാണ് സൂരജ് ലാമയെ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സൂരജ് ലാമ കൊച്ചിയിൽ എത്തിയത്. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച സൂരജ് ലാമ എങ്ങോട്ട് പോയി എന്ന് ചോദ്യത്തിന് ആർക്കും ഉത്തരമിലായിരുന്നു.
ഒടുവിൽ കോടതി ഇടപെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പിതാവിന്റെ മരണത്തിന് കാരണമായവർക്കെതിരെ നടപടിവേണമെന്ന് മകൻ സന്റോൺ ലാമ പ്രതികരിച്ചിരുന്നു.
Kerala
നെടുമ്പാശേരി: യുകെയിൽ അന്തരിച്ച നെടുമ്പാശേരി എയർപോർട്ടിലെ കസ്റ്റംസ് സൂപ്രണ്ട് മനോജ് മാത്യുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.
സംസ്കാരം തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടത്തി. കാൻസർ ബാധിച്ച് അവിടെ ചികിത്സയിലായിരുന്ന മനോജ് മാത്യു കഴിഞ്ഞ മാസം 18നാണ് മരിച്ചത്. ഭാര്യ ബിൻസി യുകെയിൽ നഴ്സാണ്.
ഇന്നലെ രാവിലെ എട്ടരയോടെ യുകെയിൽനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച ഭൗതികദേഹത്തിൽ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർമാരായ റോയി വർഗീസ്, എം.സുരേഷ്, പോൾ പി ജോർജ്, സലിംകുമാർ കൊച്ചി കസ്റ്റംസ് ചീഫ് പിആർഒ യുസഫ് എന്നിവർ റീത്ത് വച്ചു.
കരുനാഗപ്പള്ളി തഴവ പിവി ഹൗസിൽ പരേതരായ മാത്യു - അമ്മിണി ദമ്പതികളുടെ മകനാണ് മനോജ് മാത്യു. എബിൻ, അലോന എന്നിവർ മക്കളാണ്.
Kerala
പാലക്കാട്: പട്ടാമ്പിയിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന കക്കടത്ത് മഠത്തിൽ സുബ്രഹ്മണ്യനാണ് മരിച്ചത്.
ശനിയാഴ്ച ഉച്ച മുതൽ ഇയാളെ കാണാതായിരുന്നു. പട്ടാമ്പി വീരമണിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
District News
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലേക്ക് മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിൽ. ഉണ്ണികൃഷ്ണൻ 64 വയസ് എന്ന് മാത്രമാണ് ആശുപത്രി രേഖകളിൽ ഉള്ളത്.
വഴിയിൽ അവശനിലയിൽ കണ്ടതിനെ തുടർന്ന് പോലീസും നാട്ടുകാരും ചേർന്നാണ് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കരമന സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 04712343534 (കരമന സ്റ്റേഷൻ), 9497980938 (കരമന എസ്ഐ).
Kerala
കാസര്‍ഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലിന്റെ മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.
സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. ശനിയാഴ്ച രാവിലെ നാട്ടുകാരാണ് റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് മംഗളൂരു സ്വദേശി നൗഫലാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ പാന്റ്സിന്റെ പോക്കറ്റില്‍നിന്ന് സിറിഞ്ചും വാഹനത്തിന്റെ താക്കോലും കണ്ടെത്തി.
നൗഫല്‍ മംഗളൂരുവില്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. രണ്ട് കൊലക്കേസിലടക്കം ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിലവില്‍ മംഗളൂരു കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
Kerala
കോട്ടയം: അച്ഛനേയും മകനേയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശികളായ തങ്കച്ചൻ, മകൻ അഖിൽ എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.
ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഉച്ചയായിട്ടും വീടിനു പുറത്ത് ആരെയും കാണാത്തതിനാൽ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊൻകുന്നം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍ : 1056, 0471-2552056)